2011 നവംബർ 4, വെള്ളിയാഴ്‌ച

പുതുതലമുറ

പുതുതലമുറ
എല്ലാം ആഘോഷമാക്കുന്ന പുതുതലമുറ പ്രണയവും ആഘോഷമാക്കിയിരിക്കുന്നു. കൈമാറുന്ന ആശംസാ സന്ദേശത്തിലൂടെ, വാക്കുകളിലൂടെ, സമ്മാനങ്ങളിലൂടെ അവര്‍ അതാസ്വദിക്കുന്നു. കാല്‍പനിക കവികള്‍ വാഴ്ത്തിപ്പാടിയ ആര്‍ദ്ര പ്രണയം പോയ് മറഞ്ഞതുപോലെ. പ്രണയ തീവ്രത കാലപ്രവാഹത്തില്‍ ചോര്‍ന്നു പോയതു പോലെ.... പ്രണയ ഊഷ്മളത, വിശ്വാസം, ദൃഢത..... എല്ലാമെല്ലാം പ്രണയികളില്‍ നിന്നും നഷ്ടമാകുന്നുവോ?

പുതുതലമുറയ്ക്ക് ഒരേ സ്വരം,കണ്ണൂം മൂക്കുമൊന്നുമില്ലാത്ത പ്രണയം ഇന്നാര്‍ക്കുമില്ല. ജാതിയും, മതവും, പണവും, സ്റ്റാറ്റസുമൊക്കെ, പറ്റു മെങ്കില്‍ ജാതകം വരെ നോക്കി മാത്രമേ ഞങ്ങള്‍ പ്രേമിക്കൂ. എന്തിനാ വെറുതേ. മേല്‍ പറഞ്ഞതെല്ലാം ഒത്തുവരുന്ന പയ്യന്‍സിനെയോ പെണ്ണിനെയോ ആണെങ്കില്‍ വീട്ടുകാര്‍ക്ക് സന്തോഷം. പ്രണയികള്‍ക്ക് അതിനേക്കാള്‍ സന്തോഷം.

പ്രണയിച്ച് അടിപൊളിയായ് കറങ്ങി മടുക്കുന്പോള്‍ വീട്ടുകാര്‍ തന്നെ ആശീര്‍വദിച്ച് നാലാളറിയെ കെട്ട് നടത്തി തരുന്നതിന്‍റെ സുഖമൊന്നു വേറെ. മറ്റേതോ? ജാതിയും മതവും വിട്ടുള്ള ഞാണിന്‍മേല്‍ കളിയാണ് . പിന്നെ വീട്ടുകാരുടെ എതിര്‍പ്പ് തുടങ്ങിയ എടാകൂടങ്ങള്‍.

ഇതൊക്കെ കഴിഞ്ഞ് കെട്ടിയാലോ സാന്പത്തികമെന്നും, സംശയമെന്നുമൊക്കെപ്പറഞ്ഞ് പ്രശ്നങ്ങളുടെ ഘോഷയാത്ര എല്ലാം നോക്കി, വിജയിക്കുമെന്നുറപ്പുള്ള പ്രേമമല്ലേ ഇതിലൊക്കെ ഭേദം. ഒരേയൊരു ജീവിതമല്ലേയുള്ളൂ എന്തിനാ വെറുതേ സ്പോയില്‍ ചെയ്യുന്നത്. കാര്യകാരണസഹിതം പുതുതലമുറ വാദിക്കുന്നു.

എന്നാല്‍ പ്രണയത്തെ മയില്‍പീലിയായ് മനസ്സില്‍ സൂക്ഷിച്ച, ആര്‍ദ്ര പ്രണയ വക്താക്കളായ പഴയ തലമുറ ഇതിനെതിരെ ചൊടിക്കുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് പ്രണയമെന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ശരിക്കറിയുമോ ? ഓണവും, വിഷുവും ആഘോഷിക്കുന്നതു പോലെ വര്‍ഷത്തിലൊരിക്കല്‍ അവര്‍ പ്രണയദിനം ( വാലന്‍റയ്് ന്‍സ് ഡേ) ആഘോഷിക്കുന്നു. എന്തൊരു കാലമാണിത് ?

ഞങ്ങളുടെ കാലത്ത് പ്രണയത്തിന് നിത്യവസന്തമായിരുന്നു. കോരിച്ചൊരിയുന്ന മഴയുടെ താളം പോലെ, നേര്‍ത്ത മഞ്ഞുപോലെ അതെന്നും ഞങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയം ഒരു ദിവസത്തെ മാത്രം ആഘോഷമായിരുന്നില്ല. അന്ന് കടക്കണ്ണിലൂടെ എറിയുന്ന നോട്ടത്തിലൂടെ, ഒരു മൃദു മന്ദഹാസത്തിലൂടെ, അവിചാരിതമായ കണ്ടുമുട്ടലിലൂടെ അത് പൂത്തുതളിര്‍ത്തു നിന്നു.

ഇന്നത്തെ പ്രണയമെന്താണ് ? വസ്ത്രം മാറുന്ന ലാഘവത്തോടെയല്ലേ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നത്. ഇന്‍റര്‍നെറ്റിലൂടെ രണ്ട് വാക്ക് കൈമാറിയാല്‍ പ്രണയമായി, സെല്‍ഫോണിലൂടെ ശബ്ദത്തെ പ്രണയിച്ച് ജീവിതംതന്നെ കുട്ടികള്‍ ഹോമിക്കുന്നു. ഇതാണോ യഥാര്‍ത്ഥ പ്രണയം

ക്യാംപസ്സിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രണയത്തിന്‍റെ വീറും വാശിയുമെല്ലാം എങ്ങോ മറഞ്ഞതു പോലെ. വല്യേട്ടന്മാരും, വല്യേച്ചികളും തന്നെയിത് സ്വകാര്യമായി സമ്മതിക്കുന്നു. പ്രണയ തീവ്രത മൂത്ത് വിവാഹത്തില്‍ കലാശിക്കുന്ന ബന്ധങ്ങള്‍ തീരെ ഇല്ലെന്നു തന്നെ പറയാം. പിന്നെയുള്ളത് ഫോര്‍ പീപ്പിള്‍സിനിടയില്‍ സ്റ്റാറ്റസിനു വേണ്ടിയുള്ള ബന്ധങ്ങള്‍ മാത്രം.

ഐസ് ക്രീം പാര്‍ലറില്‍ സൊറ പറഞ്ഞിരിക്കാനും, കാശ് കൊടുക്കാനും, ഇഷ്ട സിനിമകള്‍ കാണാന്‍ കൊണ്ടുപോകാനും, അറുബോറന്‍ ക്ളാസ്സുകളില്‍ നിന്ന് രക്ഷപ്പെടാനും രണ്ട് പഞ്ചാരയടിക്കാനുമൊക്കെ ഒരു കന്പനി... തീര്‍ന്നു ക്യാന്പസ് പ്രണയം.

സെന്‍റിയായി രണ്ട് ഡയലോഗൊക്കെ കാച്ചി പ്രണയം പ്രകടിപ്പിക്കാമെന്നു കരുതിയാലോ. കൂവലിന്‍റെ അകന്പടിയാവും ഫലം. ആകെ ചമ്മി നാറും. അപ്പോള്‍ പിന്നെ മനസ്സില്‍ തട്ടാതെ ചുണ്ടില്‍ മാത്രം തത്തിക്കളിക്കുന്ന ഐ ലവ് യു ഡാ.. ഐ മിസ് യു ഡാ. എന്നീ വാക്കുകള്‍ തട്ടി മൂളിക്കാതെ മറ്റെന്തോന്ന് ചെയ്യാന്‍ ? ക്യാന്പസ് ആത്മാര്‍ത്ഥതയോടെ ചോദിക്കുന്പോള്‍ എന്തോ തൊണ്ടയില്‍ തടഞ്ഞ പോലെ.

''രാഗം മാംസനിബിഡമാകരുതു പോലും' കാവ്യ ശകലത്തിന്‍റെ അര്‍ത്ഥാന്തരങ്ങളിലേയ്ക്ക് മനസ് വ്യാപരിക്കവേ, ഇന്നത്തെ സാമൂഹ്യ ദു:സ്ഥിതികള്‍ മനസ്സിനെ കലുഷമാക്കാറുണ്ടെന്ന് മലയാളം അദ്ധ്യാപിക പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു. ശരിയാണ് പ്രേമത്തിനു പിന്നില്‍ എത്ര ചതിക്കുഴികള്‍. സൂര്യനെല്ലി, വിതുര... പട്ടിക അനന്തമായി നീളുന്നു, അറിയപ്പെടുന്നവയും അറിയപ്പെടത്തവയുമായി.

ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രേമച്ചതിയ്ക്ക് ഇരുതല മൂര്‍ച്ചയാണുള്ളത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിന് അവസാനം വീട്ടുകാര്‍ പച്ചക്കൊടി കാട്ടി, വിവാഹനിശ്ഛയവും തീരുമാനിച്ചു. നിശ്ഛയത്തലേന്ന് പെണ്‍കുട്ടി മറ്റൊ രു കാമുകനോടൊപ്പം ഒളിച്ചോടിയതും കാമുകന്‍റെ ചിലവില്‍ പഠിച്ച് ജോലികിട്ടിയപ്പോള്‍ മറ്റൊരാളെ പ്രണയിച്ച് കെട്ടിയതുമൊക്കെ പ്രേമച്ചതിയുടെ പെണ്‍മുഖമാണ്.

അതൊക്കെപ്പോട്ടെ ആത്മാര്‍ത്ഥ പ്രണയത്തിന്‍റെ പുതുനാന്പുകള്‍ കൂന്പടഞ്ഞുപോയി എന്ന പരിദേവനവുമായി ആരെങ്കിലും മുന്നോട്ട് വന്നെന്നിരിക്കട്ടെ അപ്പോഴുമുണ്ടാകും പുതുതലമുറയുടെ ഹൈടെക്ക് മറുപടി. കാല്‍പനിക പ്രണയം എന്തൊരു അറുബോറാണ് .ആര്‍ക്കാണ് ഇതിനൊക്കെ സമയം. ജീവിതമിങ്ങനെ കുതിച്ചു പായുകയല്ലേ ഹൈടെക്ക് യുഗത്തില്‍ ഞങ്ങള്‍ നെറ്റിലൂടെയും, സെല്‍ഫോണിലൂടെയും സല്ലപിക്കുകയല്ലേ?

രണ്ടു മാപ്പു സാക്ഷികൾ..



നിശാ ശലഭം

പുഴുക്കുത്തു വീണയെൻ മൂത്രനാളിയിൽ
മരുന്നിറ്റിച്ചതും പുരുഷ പാപങ്ങൾ...

വെയിലിന്റെ വെട്ടത്തിൽ ദുശ്ശകുനമാക്കിയവർ
വിവസ്ത്രയുമാക്കിയെന്നെ രാവുകളിലേറെയും
കൂടെപ്പൊറുപ്പിച്ചില്ല കൂടെ രമിച്ചവർ
പരിതപിച്ചവരോ..പാർശ്വത്തിലിരുന്നില്ല

വ്രണമാണെന്ന സാമൂഹ്യ വിശേഷണം
നില നില്പിനാണെന്നു, തിരുത്തി
വായിച്ചു; നാണം മറന്ന
ജീവിതത്തിലെ ഏകാന്തവാസം

വിലക്കെടുക്കുന്നൊ മാന്യ ദേഹങ്ങളേ
കറ വീഴാത്തതായുള്ളതൊന്നിനെ
ഉപയോഗ ശ്യൂന്യമീയുദരത്തിലെ, എന്തിനോ..
തേങ്ങുന്നയെൻ ഗർഭപാത്രത്തിനെ!!!




............................................................................

കീടനാശിനിയുടെ ഇര

ഞാനവകാശിയായ
ഗർഭ ഗേഹത്തിൽ
ഗർവ്വിഷ്ഠനായ്
അധിനിവേശ കണങ്ങൾ

ഇരയായ് മാറിയെൻ
രാസമാറ്റത്തിൽ, ബാഹ്യ
രൂപം നിർണ്ണയിച്ചതും
ബാഹ്യ ശക്തികൾ

പിറവിയെടുക്കുന്ന മാത്രയിൽ
മുഷ്ടി ചുരുട്ടി വിളിച്ചൊരാ
രോദനം; വിപ്ളവ വീഥിയിലെനി
ക്കായുള്ള മുറിച്ചുരികയായ്

കുഴിയെടുക്കണമെനിക്കായീ
കശുമാവിൻ തടത്തിൽ; ചത്തു
ചീഞ്ഞെന്നാലും, ധാർഷ്ട്യ മോഹങ്ങൾ
ക്കെന്നുമെൻ ദേഹം വളമായിരിക്കട്ടെ!!!

ഞങ്ങളും ഉദ്യോഗസ്ഥരാണ്‌


പകൽ വെളിച്ചത്തിൽ പോലും പേടിപ്പെടുത്തുന്ന മൂകത, ഖബറുകൾ നിറഞ്ഞ പറമ്പിൽ ഒറ്റപ്പെട്ടുകിടക്കുന്ന പള്ളിയിൽ അതും പഴയതാണെങ്കിൽ ഇറ്റി വീഴുന്ന വെള്ളത്തുള്ളികൾ നനക്കുന്ന കിടക്കപ്പായയിൽ, ഇടിവെട്ടും മഴയുമുള്ള രാത്രികൾ ആയത്തുൽ കുർസ്സിയുടെ പിൻബലത്തോടെ സുബ്ഹിബാങ്കിന്റെ സമയം കാത്തിരിക്കുന്ന ഒരു ഉസ്താദിന്റെ ദയനീയ മുഖം ഭാവനയിലെങ്കിലും കണ്ടിട്ടുണ്ടൊ ടറസ്സിട്ട വീട്ടിൽ കൊറിയൻ നിർമ്മിത പുതപ്പിന്റെ അടിയിൽ പള്ളിയുറക്കം നടത്തുന്ന നമ്മൾ എപ്പോഴെങ്കിലും,

വളർന്നു വന്ന ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നുള്ള ഒളിച്ചോട്ടമായി പള്ളി ദർസ്സുകളിൽ അഭയം തേടിയിട്ടുള്ളതാണു ഭൂരിപക്ഷം ഉസ്താദുമാരുടെയും പൂർവ്വകാലങ്ങൾ. പഠനം ജീവിതത്തിനു വിലങ്ങുതടിയായി മാറിയപ്പോൾ നഹ്‌വിനും സർഫിനും വിരാമം കൊടുത്തു അറിയാവുന്ന ജോലിയായ അദ്ധ്യാപകവൃത്തി തേടിയിറങ്ങുമ്പോൾ കയ്യിൽ ഒരു ഡിഗ്രി പോലുമില്ല മതപരമായി പോലും, ചിലപ്പോൾ പഠിപ്പിച്ച ഉസ്താദിന്റെ ഒരനുഗ്രഹം മാത്രം. അതും ഇഷ്ട്പ്പെട്ട ശിഷ്യനാണെങ്കിൽ...

കേവലം ആയിരം രൂപയിൽ കുറഞ്ഞ ശമ്പളം തീറെഴുതിയെടുത്ത ഇവരിൽ നിന്നു നമ്മളെന്തുമാത്രം പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ എന്തിരിക്കുന്നു. ലൂത്ത് നബിയുടെ കാലഘട്ടവും, മറ്റു നിറം മങ്ങിയ കഥകളും അവിചാരിതമായി കടന്നു വരുമ്പോൾ അതൊരു വിഭാഗത്തിന്റെ മേൽ പതിച്ചു നല്കാനുള്ള മുദ്രയായി മാറാനോ, മാറ്റാനോ നമ്മളും കാരണക്കരനാകുന്നില്ലേ.

ഉയർന്ന ജോലിയും ശമ്പളവും ഒപ്പം കുടുംബത്തെ കൂടെ താമസിപ്പിക്കുവാനും വ്യഗ്രത കാണിക്കുന്ന നമ്മൾ ഒരു നിമിഷം ഇവരുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും വികാരഭാവങ്ങൾ കണ്ടെടുക്കാൻ ശ്രമിച്ചിട്ടില്ല. ഉണ്ടായിരുന്നുവെങ്കിൽ പള്ളിയോട് ചേർന്നോ, അല്ലാതെയോ ഈ ഉദ്ധ്യോഗസ്ഥനും കുടുംബത്തിനുമുള്ള ഒരു മുറിയും കൊച്ചടുക്കളയും കാണാമായിരുന്നു. എല്ലാവർക്കുമില്ലെങ്കിലും നാടിന്റെ ഇമാമിനെങ്കിലും...

ഒരു നേരത്തെ ഭക്ഷണം നല്കുമ്പോഴും അതിന്റെ വിലനിലവാരം പിറുപിറുക്കപ്പെടുന്നു, സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പുലർച്ചയും, രാത്രിയും ആഹാരം കഴിക്കാൻ പോകുന്ന അദ്ധ്യാപകരുടെ അവസ്ഥ, അവിടെ നിന്നുണ്ടാകുന്ന ( ഉണ്ടാക്കുന്ന) അപവാദ കഥകൾ. പിഴച്ചു നാട്ടുകാരായ നമുക്കവിടെയും. രണ്ടു പേർ ചേർന്നാൽ സംയുകത ഭക്ഷണക്രമം പടച്ചെടുക്കുന്ന മലയാളികളായ നമ്മൾ മറന്നു പോയി അവർക്കായി ഒരു മെസ്സ് സംവിധാനം. അതിനു കാരണം ഭരണകർത്താക്കളിൽ ദീർഘ വീക്ഷണം ഉള്ളവരുടെ അഭാവമൊ, അതുമല്ലെങ്കിൽ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന പുഛ ഭാവം നടിക്കുന്നവരുടെ നിസ്സഹകരണമൊ..

പക്ഷെ അടുത്ത കാലത്തായി സമന്വയിപ്പിച്ച മത-ഭൗതിക വിദ്യഭ്യാസത്തിൽ ഉന്നതമായ ബിരുദങ്ങൾ നേടി അവകാശപ്പെട്ട വേതനം പറഞ്ഞുറപ്പിച്ച് ജോലിചെയ്യുന്ന അദ്ധ്യാപകർ, സമൂഹത്തിൽ വ്യക്തി എന്ന നിലയിലും, ഏല്പ്പിക്കപ്പെട്ട പദവി ചെലുത്തേണ്ട സ്വാധീനവും മനസ്സിലാക്കി കൃത്യമായി അതിലേക്കിറങ്ങി ചെല്ലുന്നവർ, എന്തിനധികം കാലാനുസൃതമായി ബ്ളോഗ്ഗുകളിൽ സജീവ സാന്നിധ്യമറിയിക്കുന്ന മതപണ്ഡിതന്മാർ തുടങ്ങി മുഖ്യ ധാരയിൽ ശ്രദ്ധാകേന്ദ്രമാകുന്നവർ.. ഇവരിൽ നിന്നും കിട്ടുവാനേറെയുണ്ടു നമ്മളുടെ ജീവിതത്തിലേക്കും ചുറ്റുപാടിലേക്കും. പഴകിപ്പുളിച്ച വൃത്തികെട്ട കഥകളെ മാറ്റി നിർത്തിക്കൊണ്ടു...

അറബിക് കോളേജുകൾക്കു പുറമെ മറ്റു കോളേജുകളിലും അദ്ധ്യാപക സേവനം എന്നതിലുമപ്പുറം പല ജോലികളിലും സജീവമാകാൻ കഴിയുന്ന ഇവരെ; താഴ്ന്ന വില മാത്രം കല്പിക്കപ്പെട്ട മതവിദ്യഭ്യാസത്തിന്റെ അളവുകോലിൽ മാത്രം പരിഗണിക്കപ്പെടുമ്പോൾ നമുക്ക് നഷ്ടമാകുന്നതു പലപ്പോഴും ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കു കാലാളായി മാറിയേക്കാവുന്ന പുതിയ തലമുറയുടെ ധാർമ്മിക സമ്പന്നത തന്നെയാകും എന്ന സത്യം വിസ്മരിച്ചു കൂട.

നിലവാരം പുലർത്തുന്ന ഉദ്ധ്യോഗസ്ഥന്മാരെ തെരെഞ്ഞെടുക്കുവാൻ സമസ്ഥ പോലുള്ള ഉന്നത കേന്ദ്രങ്ങൾ അതിന്റെ നിർദ്ദേശങ്ങൾ അതാതു മഹല്ലുകളിൽ അറിയിച്ചിട്ടുണ്ടെങ്കിലും, തിരിഞ്ഞു നോക്കാൻ പോലും മെനക്കെടാറില്ല ഇത്തരം കാര്യങ്ങളിലേക്ക്. അലിഖിതങ്ങളായ ശമ്പളനിലവാരം പരിഷ്കരിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം പഠിക്കാൻ കുട്ടികളെ കിട്ടാനില്ല എന്ന അവസ്ഥയിൽ നിന്നും കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാനുള്ള അദ്ധ്യാപകന്മാരെ കിട്ടാനില്ലാത്ത അവസ്ഥയും ഉണ്ടാവുക തന്നെ ചെയ്യും. (ഉണ്ടാകണമെന്നാഗ്രഹിക്കുന്നു) എങ്കിലേ ഈ ഉദ്ധ്യോഗസ്ഥന്മാരുടെയും വ്യക്തിത്വം തിരിച്ചറിയപ്പെടുകയുള്ളൂ. കോർപ്പറേറ്റ് സ്ഥാപനങ്ങളിലുള്ളവർക്കു ലഭിക്കുന്ന തരം പരിശീലനങ്ങൾ തിരിച്ചറിഞ്ഞു അതിൽ പങ്കെടുക്കുവാൻ കൂടി ഇവർ തയ്യാറാകേണ്ടതും കൂടിയുണ്ട്.

മദ്രസ അദ്ധ്യാപകന്മാരെക്കുറിച്ചു തികച്ചും മോശമായ കാഴ്ച്ചപ്പാടിലുള്ള ഒരു ചോദ്യത്തിനു ഉത്തരമായി അതിന്റെ മറ്റൊരു വശവും കൂടി കാണിക്കാൻ ഞാൻ ശ്രമിച്ചതാണു ഈ വാചകങ്ങൾ. തെറ്റുകളെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഒറ്റപ്പെട്ടതും, എരിവു ചേർത്തുണ്ടാക്കിയെടുക്കുന്നതുമായ സംഭവങ്ങൾ ഫ്രെയിം ചെയ്തെടുക്കുമ്പോൾ പർവ്വതീകരിക്കപ്പെടുന്നു പലതും. യാഥാർത്യങ്ങൾക്കു അതിനടിയിൽ പെട്ടു കാഴ്ചകളിൽ നിന്നും മറയപ്പെട്ടുപോകുന്നു.

സുന്ദരിയായ സ്ത്രീയുടെ മൃതുദേഹത്തിൽ ലൈഗിക വൈകൃതം കാണിച്ച ഡോക്ടരെ മുൻ നിർത്തി ആ കൂട്ടർ എല്ലാം കാമ ഭ്രാന്തന്മാരണെന്നു മുദ്രയടിക്കാൻ കഴിയുമോ നമുക്ക്. അവരുടെ സേവനം സമൂഹത്തിനു ആവശ്യമാണെന്ന തിരിച്ചറിവല്ലെ നമ്മെ നയിക്കുന്നത്..നിർത്തുന്നു

മാമൂൽ



സ്ത്രീത്വം മറന്നുവോ
സ്ത്രീ ജനങ്ങൾ
സ്ത്രീയാകും ധനത്തെ
സ്ത്രീധനം കൊണ്ടളക്കുന്നൊ..



മാമൂൽ
............
കടം കയറിയ കഫൻ
പുടവയിലും... വിതറുന്നു;
നാട്ടാചാരത്തിന്റെ തുള
വീണ; കറുത്ത മൈലാഞ്ചി



സാമൂഹ്യബോധം
.........................
തലതെറിച്ച സന്താനത്തിന്റെ
കല്ല്യാണം നടന്നല്ലോ..
എനിയെനിക്കെന്തിനീ.. പള്ളി
ക്കമ്മറ്റിയിലെ പ്രമാണിത്വം

ഞാൻ കണ്ടെടുത്ത എന്റെ പ്രണയം..



ഒഴിവു സമയമാണൊ സുഹൃത്തെ..പറഞ്ഞു പഴകിയതായാലും, നമുക്കെന്തെങ്കിലും പറഞ്ഞിരിക്കാം ഈ തണലിൽ അല്പനേരം...

പൂർവ്വകാല കാമുകന്മാരായ ഞങ്ങൾ ഒത്തുകൂടി ദുബായിലെ ഇൻസ്പോർട്ട്സിൽ. കഴിഞ്ഞ മാസത്തിലെ ഒരൊഴിവു ദിവസം. മനസ്സിന്റെ കോണിലുള്ള തീഷ്ണത ഞങ്ങളുടെ പ്രണയവുമായുള്ള കണ്ടുമുട്ടലിനു വീണ്ടും ഒരവസരമൊരുക്കി.

മുല്ലപ്പൂവിന്റെ മണമില്ലാത്ത മണിയറയിൽ ഞങ്ങൾ ഒന്നായ നിമിഷങ്ങൾ. പ്രണയാവേശത്തിൽ ഞാനവളെ തൊട്ടു, തലോടി,അടിച്ചു, ചുബിച്ചു, പുണർന്നു. എന്റെ നെഞ്ചിലെ വിയർപ്പുകണങ്ങൾ ശരീരം കൊണ്ടവൾ പകർന്നെടുത്തു. വിവിധ ഘട്ടങ്ങളിലൂടെയുള്ള പ്രയാണം ഒരായുഷ്കാലത്തിന്റെ സായൂജ്യമെനിക്കു നല്കി. ഇറക്കി വെച്ച വികാരങ്ങൾക്കൊടുവിൽ അലസനായി ഞാനിരുന്നപ്പോൾ എന്റെ കാൽവെള്ളകളിൽ അവൾ ചേർന്നു കിടന്നു. ഒളിക്കണ്ണുകൾ കൊണ്ടുള്ള നോട്ടം എനിക്കെറിഞ്ഞു തന്നു കൊണ്ടു.

കൂട്ടുകാരെ, ഞാൻ പരിചയപ്പെടുത്തുവാൻ മറന്നു എന്റെ പ്രണയത്തെ. അവളെക്കുറിച്ചു പറയുമ്പോൾ ഞാനെല്ലാം മറക്കുന്നു. യൗവ്വനത്തിലേക്കു കടക്കുമ്പോൾ എന്റെ സിരകളിൽ തീ നിറച്ച എന്റെ ഇഷ്ട്ടമായിരു അവൾ. പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ട് കുടുംബാഗങ്ങൾ വഴിമുടക്കി. കൂട്ടുകാർ അകമഴിഞ്ഞു സഹായിച്ചുവെങ്കിലും അവളുമായുള്ള കണ്ടുമുട്ടലിന്റെ ആവലാതികൾക്ക് അഭയം എന്നും എന്റെ ഉമ്മ തന്നെയായിരുന്നു.

പിന്നെയും ഞാൻ വാചാലനായി അല്ലെ. അതെ സുഹൃത്തുക്കളെ. ഞാനത്രയും ഇഷ്ട്ടപ്പെടുന്നു പക്ഷെ എനിക്കിന്നു നഷ്ടമാകുന്നതും അവളെ തന്നെ. ഇടവിട്ട വർണ്ണങ്ങൾ ശരീരത്തിന്റേതാക്കി എന്റെ തലച്ചോറിലേക്കു പറന്നു കയറിയ അവൾ സാക്ഷാൽ “കാല്‌പന്ത്” ആഗലേയത്തിൽ നമ്മുടെ ഫുട്ബോൾ.

ഇല്ല!! എനിക്കു മടുത്തിട്ടില്ലവളെ ഇക്കാലമത്രയായിട്ടും. എനിക്കു മാത്രമല്ല, ഇന്ത്യ, പാകിസ്ഥാൻ, ബഗ്ലാദേശ്, സിറിയ, ലബനാൻ, ഫിലിപ്പീൻസ് ഇവിടങ്ങളിൽ നിന്നായി ഒത്തു കൂടിയ ഈ കാമുകന്മാർക്കാർക്കും. പദവി, ഭാഷ, ദേശങ്ങൾക്കതീതമായി ഞങ്ങൾ ഉറ്റു നോക്കിയതൊന്നിലേക്കു. “ പാസ്സ് ദേദൊ ഭായ്, യാ അഖീ (സഹോദരാ) ഷൂട്ട്, ടാ പാസ്സിടടാ ” ഭാഷകൾ പലതെങ്കിലും പ്രണയത്തിന്റെ ശബ്ദം ഒന്നായിരുന്നു. അവളുടെ സാന്നിധ്യം ഞങ്ങളിലേക്കെത്തിയപ്പോൾ പ്രായം മറന്നും ഞങ്ങൾ പടക്കുതിരകളായി.

അത്തറിന്റെ മണമുള്ള മണിയറയുടെ ഇശലുകൾക്കു ഈണം പിടിച്ച് കൂട്ടിക്കൊണ്ടു വന്ന് പാടവരമ്പത്ത് തനിച്ചാക്കിയെന്നു തോന്നുന്നൊ സുഹൃത്തെ. നിങ്ങൾക്കെന്നോടു ക്ഷമിക്കാമല്ലോ. എങ്കിൽ ഒരു നിമിഷം കൂടി.

ഞാനൊന്നു കണ്ടെടുത്തു അവിടെ നിന്നും പുതിയതായൊന്നിനെ എന്റെ ചിന്തകളിലേക്കു...
മൈതാനത്തിനു പുറത്തു കളി കണ്ടു നിന്നിരുന്ന പാതി മറച്ച മാദക സൗന്ദര്യം, ശരീരത്തെ ബാധിച്ച അസുഖങ്ങൾ, കുറഞ്ഞ ശമ്പളം, വീടിന്റെ പൂർത്തീകരണം, ഓഫീസിലെ ജോലിത്തിരക്കുകൾ, മൂട്ട അരിക്കുന്ന ഇരുനില കട്ടിൽ, അലമാരയിലെ തത്വചിന്തകൾ, മൂർച്ചകൂട്ടി വെച്ച ആയുധത്തെ, അതു പ്രയോഗിക്കാനുള്ള വർഗ്ഗ ശത്രുവിനെ, മനസ്സിൽ നിന്നും ഉയരുന്ന മന്ത്രധ്വനികൾക്കു വീതിച്ചുനല്കിയ ദൈവത്തിന്റെ ജന്മഭൂമികൾ, വിപ്ലവവീര്യം നിറങ്ങളിൽ ചാലിച്ച കൊടികളെ, വിശ്വസിച്ചപ്പോൾ വഞ്ചനയുടെ വിത്തെറിഞ്ഞവരെ... എല്ലാം മറന്നു ഞാൻ...കേവലം മനുഷ്യ നിർമ്മിതമായ ഒന്നും അതിന്റെ നിയമത്തിനും എന്റെ എല്ലാ വികാരങ്ങളെയും അല്പ നിമിഷത്തേക്കു ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞെങ്കിൽ, “നിന്നെ ഇഷ്ടപ്പെടാൻ കിട്ടിയ ഒരോ നിമിഷത്തിനും പകരമാവില്ല എനിക്കുള്ള ഒരനുഗ്രഹവും” എന്ന യഥാർത്ഥ പ്രണയ സാഫല്യം നുകർന്നവരുടെ ഈ മാനസികാവസ്ഥ. തൊട്ടറിഞ്ഞു ഞാൻ...

കേൾക്കുവാൻ, സ്വയം അർപ്പിക്കുവാൻ, അലിഞ്ഞില്ലാതാകുവാൻ, പ്രാപ്തമാക്കുന്ന ഒരു വിശുദ്ധ പ്രണയം ലോകം ഒന്നായി നിന്ന് മനസ്സിലാക്കിയെടുത്തിരുന്നെങ്കിൽ... വിഘടിപ്പിക്കപ്പെട്ട ആറ്റത്തിന്റെ കണികകൾ ഹിരോഷിമയോട് ചേർത്തു വായിക്കേണ്ടി വരുമായിരുന്നോ?. പോർവിമാനങ്ങളിൽ കയറുന്നതിനു മുമ്പുള്ള പടച്ചോർ, പഴന്തുണി തിരിയിട്ട റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഒരു ചേമ്പിലയുടെ അറ്റത്തെങ്കിലും വിളമ്പാവുന്ന അത്താഴച്ചോർ ആക്കാമായിരുന്നില്ലെ?, ജീവിതത്തിന്റെ അന്ത്യയാമങ്ങൾ കാഞ്ചനക്കൂട്ടിൽ പരിതപിച്ചു തീർക്കേണ്ടിവരുന്ന സദനങ്ങൾ ഉണ്ടാകുമായിരുന്നൊ, പിഴച്ചു പെറ്റാലും, സദാചാരം ചുറ്റുപാടുകൾക്കു അധികപ്പറ്റാണെന്ന നിരീക്ഷണങ്ങൾക്ക് കാതുകൾ മുളയ്ക്കുമായിരുന്നൊ.... ?

പിരിയാനുള്ള സമയമായി അല്ലേ കൂട്ടുകാരാ നമുക്ക്.. എങ്കിൽ വിട ചൊല്ലുന്നു ഞാൻ ഈ വരമ്പിൽ നിന്നും ആ പ്രണയ പ്രകാശത്തിലേക്കുള്ള യാത്രയിലേക്ക് ഭാണ്ഡം മുറുക്കുമ്പോൾ.. തനിച്ചാണെങ്കിലും അതിരില്ലാത്ത സന്തോഷത്തോടെ

എന്റെ ഇഷ്ടങ്ങൾ



സമയത്തിന്റെ വില അറിയുന്നവർ വഴി മാറിപ്പോകുന്നതാണു ബുദ്ധി. അവസാനം എന്നെ പ്രാകുന്ന ഒരവസ്ഥ ഞാൻ ഭയപ്പെടുന്നു.. പിന്നെ ചുമ്മാ സമയം കളയാനുള്ളവർക്ക് ഈ വരികളിലൂടെ നടന്നു നോക്കാം. ഞാൻ വഴി തെറ്റിക്കില്ല.


തൊട്ടാർ വാടിയും, ചേമ്പും, വാഴയും, കറുകപ്പുല്ലും ശരീര സൗന്ദ്യര്യത്തിനായി വെയിലേറ്റു കിടന്ന് കിന്നാരം പറയുന്ന ഞങ്ങളുടെ വീടിന്റെ പിൻഭാഗം, വൈകുന്നേരങ്ങളിൽ എലി, പാമ്പ് തുടങ്ങിയവയുടെ സൗര്യവിഹാരം അങ്ങോട്ടു ഇറങ്ങാൻ പേടിപ്പെടുത്തുന്നു. മീൻ കൊണ്ടു വരുന്ന ഇക്കാക്കു പനി പിടിച്ചാലോ, ഹർത്താലോ സഹോദരൻ ബന്ദ് ദിവസത്തിലോ പരാശ്രയമില്ലാതെ ഞങ്ങളുടെ വീട്ടിൽ സാമ്പാർ തിളക്കുമായിരുന്നു. ഉമ്മ നട്ടുണ്ടാക്കിയ ചേമ്പിൻ താളിന്റെ സ്വാദൂറുന്ന രുചിയിൽ..!!!!

വിശാലമായ വയൽ മുഴുവൻ ഞങ്ങളുടേതല്ലെങ്കിലും, അതിനോടു ചേർന്നു നില്ക്കുന്ന വീടും പരിസരവും ചൂടുകാലത്തു പോലും ജാതി വ്യത്യാസമില്ലതെ തഴുകാൻ വരുന്ന പടിഞ്ഞാറൻ കാറ്റും ബന്ധു ജനങ്ങൾക്ക് എന്നും അസൂയ തോന്നുന്ന ഞങ്ങളുടെ സ്വത്തായിരുന്നു!!. ആ വയലിലെ പണിയുടെ അദ്ധ്വാനഭാരം മുഴുവൻ അറിയില്ലെങ്കിലും അവിടെ നിന്നും വിളവെടുക്കുന്ന കുത്തരിചോറിന്റെ ബലം തന്നെയാണു ഇന്നെന്റെ തടിച്ച ശരീരത്തിന്റെ കാതൽ എന്ന അപവാദം ഞാൻ നിഷേധിക്കുന്നില്ല.

കൗമാര വടവൃക്ഷത്തിന്റെ കുട്ടിക്കുറുമ്പുകളായ ചില്ലയിൽ ചേക്കേറി നടന്ന കാലം, പഠനകാലത്തും തലമണ്ടയുടെ പ്രവർത്തനം നടക്കാത്തതിനാലും, കാടുകയറിയ ചിന്തകൾ ഇല്ലാത്തതു കൊണ്ടും അല്പം പോലും തേയ്മാനം സംഭവിക്കത്ത 22കാരറ്റ് മഷ്തിഷ്കം ഞൻ സൂക്ഷിച്ചിരുന്നു. സിനിമ, മാപ്പിളപ്പാട്ടുകളുടെ ഒരു ശേഖരമുണ്ടെന്നു മാത്രം ഈ പത്തര മാറ്റിൽ.

ജീവിതം തന്നെ കളിയാക്കണമെന്ന (കളി തന്നെ ജീവിതമാക്കണമെന്ന, അങ്ങനെയും പറയാം) വാശി എന്നിൽ കുടിയേറിത്തുടങ്ങി. നേരം വെളുക്കും മുമ്പേ വിയർപ്പിന്റെ മണമുള്ള “സ്പോർട്ട്സ് കിറ്റ്” ; അതിൽ പ്രത്യേകിച്ചൊന്നും ഇല്ല. ഒരു ജാട, കക്ഷത്തിൽ ഒതുക്കി 2 കിലോമീറ്റർ ദൂരെയുള്ള ഗ്രൗണ്ടിലേക്കു സൈക്കിളിൽ ഒരു പാച്ചിൽ. തണുപ്പില്ല, മഞ്ഞില്ല തലയിൽ ഫുട്ബോൾ മാത്രം. പോകുന്നതിനു മുമ്പ് തലേ ദിവസം ഉമ്മ എടുത്തു വെച്ചിരിക്കുന്ന കഞ്ഞി വെള്ളം ഒരു മോന്തലുണ്ട്. കഞ്ഞി വെള്ളം എന്നതു പലപ്പോഴും ദാരിദ്ര്യത്തിന്റെ സിമ്പലാകാറുണ്ട്. ഒരനുഗ്രഹം, വല്യ പണക്കൊഴുപ്പില്ലെങ്കിലും പട്ടിണി ഉണ്ടായിട്ടില്ല ഇന്നുവരെ. പക്ഷെ എന്റെ പിതാവു പട്ടിണി കിടന്ന കാലം ഉണ്ടായതു കൊണ്ടാകാം എനിക്കിന്നു വിഭവ സമൃതി. പറഞ്ഞു വന്നതു കഞ്ഞി വെള്ളം, ദോഷം പറയരുതല്ലോ സ്റ്റാമിനക്ക് ഇത്രയും നല്ല ഒരു മരുന്ന് വേറെയില്ല നാട്ടിൻപുറത്തെ താളിയോലകളിൽ. പറഞ്ഞാൽ ആരും വിശ്വസിക്കില്ല ഒരു പി. എച്ച്. ഡി ക്ക് വകുപ്പുണ്ടതിൽ. രണ്ടു മൂന്നു മണിക്കൂർ നേരത്തെ അദ്ധ്വാനത്തിനു ശേഷംതിരിച്ചു വന്നാൽ പഴയ കറി കൂട്ടി തലെ ദിവസം വെള്ളത്തിലിട്ട ചോറു കഴിക്കുന്ന മറ്റൊരഭ്യാസവും. പലഹാരങ്ങൽ എന്തുണ്ടെങ്കിലും എനിക്ക് പ്രിയപ്പെട്ടതെന്നും ഈ അരി ഭക്ഷണം തന്നെ.

ഒരിക്കൽ കളിയും കഴിഞ്ഞു വരുമ്പോൾ അയല്പക്കത്തെ ഷംസുക്ക വന്നു വിസയും കൊണ്ട്. വഴിയരുകിൽ മുഴുവനും പണം കായ്ക്കുന്നു എന്ന വിരോധാഭാസപരമായ ചിന്ത എന്നെ കടൽ കടത്തി. അബുദാബിയിൽ റൂമിലെത്തി ഒന്നു ഫ്രെഷ് ആകാൻ ബാത്ത്റൂമിൽ കയറിയപ്പോൾ പല തുടക്കക്കാർക്കും ഉണ്ടായിട്ടുള്ളത് എനിക്കും പറ്റി.. ഒരമളി... “ ചൂടു വെള്ളം!!” സാധാരണക്കാർ താമസിക്കുന്ന കെട്ടിടത്തിലെ പൈപ്പിൽ വരുന്നതു പ്രകൃതി തിളപ്പിച്ച മുനിസിപ്പാലിറ്റി വെള്ളം എന്നെയൊന്നു പറ്റിച്ചു.

വയറിന്റെ പുറത്തേക്കുള്ള വളർച്ചയുടെ ഘട്ടങ്ങൾ എന്റെ പ്രവാസത്തിന്റെ വർഷങ്ങൾ രേഖപ്പെടുത്തി തുടങ്ങി. ഈയടുത്ത കാലത്തായി ജോലിമാറിയെത്തി ദുബായ് മീഢിയ സിറ്റിയിൽ. അതിനോട് ചേർന്നു കിടക്കുന്ന മൈതാനത്തിലൂടെ നടക്കുമ്പോൾ ചതഞ്ഞ പച്ച പുല്ലിന്റെ മണം എന്നെ അവിടെ പിടിച്ചു നിർത്തുന്നു. മൂക്കിന്റെ രണ്ടു ദ്വാരങ്ങളും തുറന്നു പിടിക്കുമ്പോൾ ഞാനാസ്വദിക്കുന്നതു ഗൾഫിന്റെ മണമല്ല. കളിച്ചു വളർന്ന തെക്കും പാടത്തിന്റെ ഗന്ധം.

അങ്ങിന്റെ എത്ര മണങ്ങൾ, ഇഷ്ടസ്വകാര്യതകൾ ഇന്നെനിക്കു അന്യം നില്ക്കുന്നു. മാറിവന്ന ജീവിത നിലവാരം കാത്തു സൂക്ഷിക്കുന്നതിനു വേണ്ടി മനപ്പൂർവ്വം മാറ്റി നിർത്തിയിരിക്കുന്നു. പലപ്പോഴും മറ്റുള്ളവർക്കൊപ്പം മാന്യനാകുവാൻ.. പക്ഷെ ഇവയെല്ലാം ചേർത്തു
വെക്കുമ്പോൾ എന്താകുന്നുവോ അതാണെന്റെ ശരിയായ അസ്തിത്വം. നേട്ടങ്ങൾ എത്തി പിടിക്കുമ്പോഴും അന്യം നിന്നു പോകുന്ന ചെറിയ സ്വകാര്യങ്ങൾ പലതും വല്ലാതെ മോഹിപ്പിക്കുവെന്നെ.

എന്റെ ഓഫീസിലെ മെസ്സൻജർ പയ്യൻ. ബഗ്ലാദേശ് സ്വദേശി. ഷേഖ് മുഹമ്മദ്, പേരിൽ മാത്രം ഷേഖ് ഉള്ളൂ. അഞ്ചു പേർ അടങ്ങുന്ന കുടുംബത്തിലെ മൂത്തപുത്രൻ. അതിന്റെ അത്താണിയും. ദാഹിച്ചു വലഞ്ഞാലും വെള്ളം കുടിക്കുമെന്നല്ലാതെ മിച്ചം പിടിക്കുന്ന ശമ്പളത്തിൽ നിന്നും ഒരു പെപ്സിക്കു പോലും ചെലവാക്കാറില്ല. ആ ഒരു ദിർഹം വളരെ വലുതാണെത്രെ അവന്റെ കുടുംബത്തിൽ.

ഇന്നലെ രാവിലെ അവൻ ആരും കാണാതിരിക്കാൻ, പാൻട്രിയുടെ ഒരു മൂലയിൽ ഇരുന്നു തലേന്നുള്ള ചോറു കഴിക്കുകയായിരുന്നു. ഓർഡർ ചെയ്തു വരുത്തിയ പ്രാതലിനൊപ്പം ചായ ഉണ്ടാക്കാൻ ചെന്ന ഞാൻ, അതു കണ്ടെന്നു അവനു മനസ്സിലായി. പാവം ചൂളിപ്പോകുമെന്നു തോന്നിയപ്പോൾ എന്റെ ചായ സമയം മാറ്റിവെച്ചു. ഞനെന്തിനു അവന്റെ സ്വകാര്യത നശിപ്പിക്കണം. അല്ലെങ്കിൽ തന്നെ അതിനു മാത്രം ഞാനാര്‌. ഓഫീസിലെ വൈറ്റ് കോളർ ഉദ്ദ്യോഗസ്ഥായ എനിക്കവിടെ ഇരുന്നു ഇത്തരം ഇഷ്ടഭക്ഷണം കഴിക്കാൻ പറ്റില്ലെന്ന ബോധ്യം; എനിക്കവനോടു അസൂയ ഉണ്ടാക്കിയെന്നു ആ പാവം ഷേഖിനറിയില്ലല്ലോ??

ഇപ്രാവശ്യം നാട്ടിൽ നിന്നും വരുമ്പോൾ ഞനൊന്നു കൂടെ കൊണ്ടുവന്നു “കോഴിതൂവൽ”.രാത്രി ഉറങ്ങാൻ നേരത്തു ഒന്നു ചെവിയെ സുഖിപ്പിക്കാൻ ഒപ്പം മനസ്സിനെയും.. ആ സ്വകാര്യ സുഖം തിരികെ പിടിക്കാൻ. ലോകോത്തര ബ്രാണ്ട് ആയിട്ടെന്താ ജോൺസൺ & ജോൺസന്റെ ബഡ്സ് അതിന്റെ ഏഴയലത്തു

പ്രണയദിനം


പലസ്തീൻ... ഞാൻ
ജനിച്ച സ്വർഗ്ഗ ഭൂമി
നിണം നനഞ്ഞു
നടവഴികൾ
അധിനിവേശത്തിൻ
കാടൻ ബൂട്ടുകൾ
ചവിട്ടി മെതിച്ചു
ജീവിതാവകാശം

പാരതന്ത്ര്യത്തിൻ
തെരുവോരത്ത്
പിടഞ്ഞു വീണു
എന്റെ പ്രണയിനി

ഓർമ്മകളിൽ
തീ നിറക്കുവാൻ
സമ്മാനിച്ചു വീണ്ടും
ഒരു പ്രണയദിനം

കണ്ടു മുട്ടും നിങ്ങളെന്റെ
പ്രതിരൂപങ്ങൾ
മനുഷ്യത്വം മരവിച്ച
വിള നിലങ്ങളിൽ