2011 നവംബർ 4, വെള്ളിയാഴ്‌ച

ഞങ്ങളും ഉദ്യോഗസ്ഥരാണ്‌


പകൽ വെളിച്ചത്തിൽ പോലും പേടിപ്പെടുത്തുന്ന മൂകത, ഖബറുകൾ നിറഞ്ഞ പറമ്പിൽ ഒറ്റപ്പെട്ടുകിടക്കുന്ന പള്ളിയിൽ അതും പഴയതാണെങ്കിൽ ഇറ്റി വീഴുന്ന വെള്ളത്തുള്ളികൾ നനക്കുന്ന കിടക്കപ്പായയിൽ, ഇടിവെട്ടും മഴയുമുള്ള രാത്രികൾ ആയത്തുൽ കുർസ്സിയുടെ പിൻബലത്തോടെ സുബ്ഹിബാങ്കിന്റെ സമയം കാത്തിരിക്കുന്ന ഒരു ഉസ്താദിന്റെ ദയനീയ മുഖം ഭാവനയിലെങ്കിലും കണ്ടിട്ടുണ്ടൊ ടറസ്സിട്ട വീട്ടിൽ കൊറിയൻ നിർമ്മിത പുതപ്പിന്റെ അടിയിൽ പള്ളിയുറക്കം നടത്തുന്ന നമ്മൾ എപ്പോഴെങ്കിലും,

വളർന്നു വന്ന ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നുള്ള ഒളിച്ചോട്ടമായി പള്ളി ദർസ്സുകളിൽ അഭയം തേടിയിട്ടുള്ളതാണു ഭൂരിപക്ഷം ഉസ്താദുമാരുടെയും പൂർവ്വകാലങ്ങൾ. പഠനം ജീവിതത്തിനു വിലങ്ങുതടിയായി മാറിയപ്പോൾ നഹ്‌വിനും സർഫിനും വിരാമം കൊടുത്തു അറിയാവുന്ന ജോലിയായ അദ്ധ്യാപകവൃത്തി തേടിയിറങ്ങുമ്പോൾ കയ്യിൽ ഒരു ഡിഗ്രി പോലുമില്ല മതപരമായി പോലും, ചിലപ്പോൾ പഠിപ്പിച്ച ഉസ്താദിന്റെ ഒരനുഗ്രഹം മാത്രം. അതും ഇഷ്ട്പ്പെട്ട ശിഷ്യനാണെങ്കിൽ...

കേവലം ആയിരം രൂപയിൽ കുറഞ്ഞ ശമ്പളം തീറെഴുതിയെടുത്ത ഇവരിൽ നിന്നു നമ്മളെന്തുമാത്രം പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ എന്തിരിക്കുന്നു. ലൂത്ത് നബിയുടെ കാലഘട്ടവും, മറ്റു നിറം മങ്ങിയ കഥകളും അവിചാരിതമായി കടന്നു വരുമ്പോൾ അതൊരു വിഭാഗത്തിന്റെ മേൽ പതിച്ചു നല്കാനുള്ള മുദ്രയായി മാറാനോ, മാറ്റാനോ നമ്മളും കാരണക്കരനാകുന്നില്ലേ.

ഉയർന്ന ജോലിയും ശമ്പളവും ഒപ്പം കുടുംബത്തെ കൂടെ താമസിപ്പിക്കുവാനും വ്യഗ്രത കാണിക്കുന്ന നമ്മൾ ഒരു നിമിഷം ഇവരുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും വികാരഭാവങ്ങൾ കണ്ടെടുക്കാൻ ശ്രമിച്ചിട്ടില്ല. ഉണ്ടായിരുന്നുവെങ്കിൽ പള്ളിയോട് ചേർന്നോ, അല്ലാതെയോ ഈ ഉദ്ധ്യോഗസ്ഥനും കുടുംബത്തിനുമുള്ള ഒരു മുറിയും കൊച്ചടുക്കളയും കാണാമായിരുന്നു. എല്ലാവർക്കുമില്ലെങ്കിലും നാടിന്റെ ഇമാമിനെങ്കിലും...

ഒരു നേരത്തെ ഭക്ഷണം നല്കുമ്പോഴും അതിന്റെ വിലനിലവാരം പിറുപിറുക്കപ്പെടുന്നു, സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പുലർച്ചയും, രാത്രിയും ആഹാരം കഴിക്കാൻ പോകുന്ന അദ്ധ്യാപകരുടെ അവസ്ഥ, അവിടെ നിന്നുണ്ടാകുന്ന ( ഉണ്ടാക്കുന്ന) അപവാദ കഥകൾ. പിഴച്ചു നാട്ടുകാരായ നമുക്കവിടെയും. രണ്ടു പേർ ചേർന്നാൽ സംയുകത ഭക്ഷണക്രമം പടച്ചെടുക്കുന്ന മലയാളികളായ നമ്മൾ മറന്നു പോയി അവർക്കായി ഒരു മെസ്സ് സംവിധാനം. അതിനു കാരണം ഭരണകർത്താക്കളിൽ ദീർഘ വീക്ഷണം ഉള്ളവരുടെ അഭാവമൊ, അതുമല്ലെങ്കിൽ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന പുഛ ഭാവം നടിക്കുന്നവരുടെ നിസ്സഹകരണമൊ..

പക്ഷെ അടുത്ത കാലത്തായി സമന്വയിപ്പിച്ച മത-ഭൗതിക വിദ്യഭ്യാസത്തിൽ ഉന്നതമായ ബിരുദങ്ങൾ നേടി അവകാശപ്പെട്ട വേതനം പറഞ്ഞുറപ്പിച്ച് ജോലിചെയ്യുന്ന അദ്ധ്യാപകർ, സമൂഹത്തിൽ വ്യക്തി എന്ന നിലയിലും, ഏല്പ്പിക്കപ്പെട്ട പദവി ചെലുത്തേണ്ട സ്വാധീനവും മനസ്സിലാക്കി കൃത്യമായി അതിലേക്കിറങ്ങി ചെല്ലുന്നവർ, എന്തിനധികം കാലാനുസൃതമായി ബ്ളോഗ്ഗുകളിൽ സജീവ സാന്നിധ്യമറിയിക്കുന്ന മതപണ്ഡിതന്മാർ തുടങ്ങി മുഖ്യ ധാരയിൽ ശ്രദ്ധാകേന്ദ്രമാകുന്നവർ.. ഇവരിൽ നിന്നും കിട്ടുവാനേറെയുണ്ടു നമ്മളുടെ ജീവിതത്തിലേക്കും ചുറ്റുപാടിലേക്കും. പഴകിപ്പുളിച്ച വൃത്തികെട്ട കഥകളെ മാറ്റി നിർത്തിക്കൊണ്ടു...

അറബിക് കോളേജുകൾക്കു പുറമെ മറ്റു കോളേജുകളിലും അദ്ധ്യാപക സേവനം എന്നതിലുമപ്പുറം പല ജോലികളിലും സജീവമാകാൻ കഴിയുന്ന ഇവരെ; താഴ്ന്ന വില മാത്രം കല്പിക്കപ്പെട്ട മതവിദ്യഭ്യാസത്തിന്റെ അളവുകോലിൽ മാത്രം പരിഗണിക്കപ്പെടുമ്പോൾ നമുക്ക് നഷ്ടമാകുന്നതു പലപ്പോഴും ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കു കാലാളായി മാറിയേക്കാവുന്ന പുതിയ തലമുറയുടെ ധാർമ്മിക സമ്പന്നത തന്നെയാകും എന്ന സത്യം വിസ്മരിച്ചു കൂട.

നിലവാരം പുലർത്തുന്ന ഉദ്ധ്യോഗസ്ഥന്മാരെ തെരെഞ്ഞെടുക്കുവാൻ സമസ്ഥ പോലുള്ള ഉന്നത കേന്ദ്രങ്ങൾ അതിന്റെ നിർദ്ദേശങ്ങൾ അതാതു മഹല്ലുകളിൽ അറിയിച്ചിട്ടുണ്ടെങ്കിലും, തിരിഞ്ഞു നോക്കാൻ പോലും മെനക്കെടാറില്ല ഇത്തരം കാര്യങ്ങളിലേക്ക്. അലിഖിതങ്ങളായ ശമ്പളനിലവാരം പരിഷ്കരിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം പഠിക്കാൻ കുട്ടികളെ കിട്ടാനില്ല എന്ന അവസ്ഥയിൽ നിന്നും കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാനുള്ള അദ്ധ്യാപകന്മാരെ കിട്ടാനില്ലാത്ത അവസ്ഥയും ഉണ്ടാവുക തന്നെ ചെയ്യും. (ഉണ്ടാകണമെന്നാഗ്രഹിക്കുന്നു) എങ്കിലേ ഈ ഉദ്ധ്യോഗസ്ഥന്മാരുടെയും വ്യക്തിത്വം തിരിച്ചറിയപ്പെടുകയുള്ളൂ. കോർപ്പറേറ്റ് സ്ഥാപനങ്ങളിലുള്ളവർക്കു ലഭിക്കുന്ന തരം പരിശീലനങ്ങൾ തിരിച്ചറിഞ്ഞു അതിൽ പങ്കെടുക്കുവാൻ കൂടി ഇവർ തയ്യാറാകേണ്ടതും കൂടിയുണ്ട്.

മദ്രസ അദ്ധ്യാപകന്മാരെക്കുറിച്ചു തികച്ചും മോശമായ കാഴ്ച്ചപ്പാടിലുള്ള ഒരു ചോദ്യത്തിനു ഉത്തരമായി അതിന്റെ മറ്റൊരു വശവും കൂടി കാണിക്കാൻ ഞാൻ ശ്രമിച്ചതാണു ഈ വാചകങ്ങൾ. തെറ്റുകളെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഒറ്റപ്പെട്ടതും, എരിവു ചേർത്തുണ്ടാക്കിയെടുക്കുന്നതുമായ സംഭവങ്ങൾ ഫ്രെയിം ചെയ്തെടുക്കുമ്പോൾ പർവ്വതീകരിക്കപ്പെടുന്നു പലതും. യാഥാർത്യങ്ങൾക്കു അതിനടിയിൽ പെട്ടു കാഴ്ചകളിൽ നിന്നും മറയപ്പെട്ടുപോകുന്നു.

സുന്ദരിയായ സ്ത്രീയുടെ മൃതുദേഹത്തിൽ ലൈഗിക വൈകൃതം കാണിച്ച ഡോക്ടരെ മുൻ നിർത്തി ആ കൂട്ടർ എല്ലാം കാമ ഭ്രാന്തന്മാരണെന്നു മുദ്രയടിക്കാൻ കഴിയുമോ നമുക്ക്. അവരുടെ സേവനം സമൂഹത്തിനു ആവശ്യമാണെന്ന തിരിച്ചറിവല്ലെ നമ്മെ നയിക്കുന്നത്..നിർത്തുന്നു

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം